2012, ജനുവരി 11, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍വസമ്മതമാകേണ്ട ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ


കേരളത്തില്‍ പല സ്ഥലങ്ങളിലും സാമൂഹിക സാംസ്‌കാരിക പ്രാധാന്യമുള്ള ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്. ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ പൊതുവേ അവ അവഗണിക്കാറാണു പതിവ്. ഈ സാഹചര്യത്തില്‍ പാലായിലെ സാംസ്‌കാരിക പ്രസ്ഥാനമായ സഹൃദയസമിതി എല്ലാമാസവും രണ്ടാം ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സാംസ്‌കാരിക ചര്‍ച്ചകളെയും 17ാം തീയതികളില്‍ സംഘടിപ്പിക്കുന്ന സിനിമാ പ്രദര്‍ശനത്തെയും പറ്റിയുള്ള മള്‍ട്ടിമീഡിയാ റിപ്പോര്‍ട്ടുകള്‍ യഥാസമയം ലോകമെങ്ങുമെത്തിക്കാനുള്ള fifth estate ആയി ഈ ബ്ലോഗ് പുനരുജ്ജീവിപ്പിക്കുകയാണ്.

2012ലെ സഹൃദയസമിതിയുടെ ആദ്യയോഗം എട്ടാം തീയതി പത്തുമുതല്‍ ഒരു മണിവരെ നടന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍വസമ്മതമാകേണ്ട ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ കേരളീയ സാംസ്‌കാരിക ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച ശ്രീ. സി ആര്‍ നീലകണ്ഠനും ആ ഒത്തുതീര്‍പ്പു നിര്‍ദേശം വ്യക്തിപരമായി ഒരു കത്തിലൂടെ പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചതിന്റെ പേരില്‍ സമരസമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പ്രൊഫ. സി പി റോയിക്കും സ്വന്തം നിലപാടുകള്‍ വിശദീകരിക്കാന്‍ കേരളത്തിലെ ഒരു സാംസ്‌കാരികസംഘടന ആദ്യം ഒരുക്കിയ വേദി ഇതായിരിക്കണം.
 
മുല്ലപ്പെരിയാര്‍ പൊട്ടാനുള്ള സാധ്യത വേണ്ടത്ര ഗൗരവത്തോടെ രാഷ്ട്രീയക്കാര്‍ കണ്ടിട്ടില്ലെന്നും തമിഴ്‌നാടിന്റെ നിലപാടു സമചിത്തതയോടെ ശ്രവിക്കാനുള്ള സന്നദ്ധത കാണിക്കാത്ത രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ലെന്നും ശ്രീ സി.ആര്‍ . നീലകണ്ഠന്‍ വ്യക്തമാക്കി. കേന്ദ്രഗവണ്മെന്റിനെ വീഴ്ത്താന്‍മാത്രം അംഗബലമുള്ള തമിഴ്‌നാട് മറ്റൊരു ഡാം എന്ന ആശയത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞാലും മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉണ്ടാക്കാന്‍ സാധിക്കുകയില്ലെന്നും ഉണ്ടാക്കുകയാണെങ്കിലും അത് ഒരു ശാശ്വതപരിഹാരമാകുകയില്ലെന്നും വ്യക്തമായതിനെത്തുടര്‍ന്നാണ് പുതിയ ഡാം ല്ലാതെയും മുല്ലപ്പെരിയാര്‍പ്രശ്‌നം പരിഹരിക്കാനാകും എന്ന ഉള്‍ക്കാഴ്ചയിലേക്ക് ഞാന്‍ എത്തിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സഹൃദയസമിതി പ്രസിഡന്റ് ശ്രീ. രവി പാലാ എഴുതിയ കത്തും ദൃഷ്ടി പ്രതികരണവേദി മറുനാടന്‍ മലയാളി പോലെയുള്ള വിവിധ ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും നവമുഖന്‍ എന്ന ബ്ലോഗിലും പ്രസിദ്ധീകരിച്ച ലേഖനവും തങ്ങളെ യൂദാസുമാരായി കാണാന്‍ പ്രേരിപ്പിച്ച രാഷ്ട്രീയ മാധ്യമ മാഫിയാകളുടെ സ്വാധീനത്തില്‍നിന്ന് കേരളീയ സാംസ്‌കാരിക മേഖലയെ സ്വതന്ത്രമാക്കാന്‍ സഹായകമായിട്ടുണ്ട്. ജനകീയ കര്‍സേവ നടത്തിയായാലും പുതിയ ഡാം ഉണ്ടാക്കണമെന്ന ആശയപ്രചാരണത്തിനായി നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്ന ശ്രീ ജോണി പ്ലാത്തോട്ടവും സഹൃദയസമിതിയും തന്റെ നിലപാട് ഉള്‍ക്കൊള്ളാനും പ്രചാരണം നല്കാനും കാണിച്ച ആത്മാര്‍ഥതയ്ക്ക് അദ്ദേഹം നന്ദി! സ്വന്തം ആത്മാര്‍ഥത തുറന്നുകാണിക്കാന്‍ സഹായകമാകുമാറ് ഇവിടെ ഈ സംവാദവേദി ഒരുക്കിത്തന്നതിലും ഞങ്ങള്‍ക്കു നന്ദിയുണ്ട്.'' അദ്ദേഹം പറഞ്ഞു.
 
തുടര്‍ന്ന് ഡോ. സി.പി. റോയി മുല്ലപ്പെരിയാറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ വ്യക്തമാക്കിക്കൊണ്ട് മറ്റൊരു ഡാം എന്ന നിര്‍ദേശം മുല്ലപ്പെരിയാററില്‍ ഇപ്പോഴുള്ള അപകടഭീഷണിയെ ഇല്ലാതാക്കാന്‍ ഒരുവിധത്തിലും സഹായകമാകില്ലെന്നും കൂടുതല്‍ പരിസ്ഥിതിപ്രശ്‌നങ്ങളും അപകടഭീഷണിയും ഉയര്‍ത്തുന്നതാണ് അത്തരമൊരു നിര്‍ദേശമെന്നും വ്യക്തമാക്കി.

 മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിനു കൊടുക്കുന്നതിനെ   മലയാളികള്‍ ആരും എതിര്‍ത്തിട്ടില്ല. നവമുഖന്‍ എന്ന ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുള്ളത് ഉദ്ധരിക്കട്ടെ:  "വേണമെന്നു വച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയൊരു അണക്കെട്ടില്ലാതെതന്നെ, വലിയൊരു ജലസംഭരണി നിലനിര്‍ത്താതെതന്നെ, തമിഴ്‌നാടിന് വേണ്ടത്ര വെള്ളംകൊടുക്കാന്‍ കഴിയും എന്നാണ് അറിവുള്ളവര്‍ പലരും കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നത്. 50 അടി ജലനിരപ്പില്‍ത്തന്നെ ആവശ്യമായത്ര തുരങ്കങ്ങളുണ്ടാക്കി ജലം തമിഴ്‌നാട്ടിലേയ്ക്ക് കൊടുക്കുകയും തമിഴ്‌നാടിന്റെ പ്രദേശങ്ങളില്‍ കൊണ്ടുപോയി വികേന്ദ്രീകൃതമായി ജലം സംഭരിക്കുകയും ചെയ്യുക എന്നതാണ് ശാശ്വതമായ ഈ പരിഹാരമാര്‍ഗ്ഗം. താരതമ്യേന  വളരെച്ചെറിയ ജലാശയം മാത്രം നിലനിര്‍ത്തുകയാണെങ്കില്‍ , ഭൂകമ്പത്താല്‍ ഡാം തകരുകയാണെങ്കില്‍പോലും ആളപായം ഉണ്ടാകാതിരിക്കും.
 
മുകളില്‍പറഞ്ഞ പരിഹാരമാര്‍ഗ്ഗം ഭീകരമായ ദുരന്തസാധ്യത ശാശ്വതമായി ഒഴിവാക്കും എന്നതിനുപുറമെ ഇപ്പോള്‍ ജലാശയത്തിനടിയിലായിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സ്ഥലം നമുക്കു കരഭൂമിയായി ലഭിക്കും. അവിടെ സസ്യജാലങ്ങളും മൃഗങ്ങളും ജീവിച്ചു തുടങ്ങും. കുറെയേറെ പ്രദേശങ്ങളില്‍ പുതുതായി ജനജീവിതവും കൃഷിയും സാധ്യമാകും."

ഈ ആശയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ വ്യക്തിപരമായി ശ്രമിച്ചത് മുല്ലപ്പെരിയാര്‍ സാരസമിതിയുടെ ചെയര്‍മാന്‍ ആയ ഞാന്‍ ചെയ്യരുതാത്ത കാര്യമായിരുന്നു എന്ന വാദം സാങ്കേതികമായി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ നടക്കാന്‍ പോകുന്നില്ലാത്ത പുതിയ ഡാം  നിര്മാണത്തിനുവേണ്ടി, അതുമാത്രമാണ് പരിഹാരം എന്ന  പിടിവാശിയുമായി എത്രകാലം ഒരു സമരത്തിന്‌ പിടിച്ചു നില്‍ക്കാന്‍ കഴിയും? സാങ്കേതികമായി എനിക്ക് പറ്റിയ തെറ്റ് സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെ ഞാന്‍ തിരുത്തിക്കഴിഞ്ഞു,. പക്ഷെ സമരസമിതിയുടെ യാധാര്ധ്യ      ബോധമില്ലാത്ത നിലപാട് എന്ന തെറ്റ് അവര്‍ എന്ന് തിരുത്തും?    

'ആദ്യം മുതല്‍ സമിതിയുമായി സഹകരിച്ചിരുന്ന ശ്രീ സി.ആര്‍. നീലകണ്ഠനും സത്യാഗ്രഹവേദി സന്ദര്‍ശിച്ച മേധാ പാഠ്കറും പുതിയ ഡാം എന്ന നിര്‍ദേശത്തിനെതിരെയുള്ള സ്വന്തം നിലപാട് സമിതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ഥമായി  ചിന്തിക്കുന്ന ധാരാളം പേര്‍ ആദ്യകാല മുല്ലപ്പെരിയാര്‍ സമരസമിതിയിലുണ്ടായിരുന്നു. എന്നാല്‍ സമരസമിതിയുടെ വാതില്‍ ആരുടെയും മുമ്പില്‍ കൊട്ടിയടച്ചിട്ടില്ല. ജയലളിത പറഞ്ഞതുപോലെ തമിഴരില്‍നിന്നു സ്ഥിരം പ്രതിഫലം പറ്റുന്ന രാഷ്ട്രീയക്കാര്‍ക്കും അതില്‍ അംഗമാകാം. അതിനാലാണ് അതില്‍ കയറിക്കൂടി ഭൂരിപക്ഷം നേടി രാഷ്ട്രീയക്കാര്‍ നടത്തുന്ന കപടനാടകങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് ഇന്നു കഴിയാതെ പോകുന്നത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ അനാഥമായി ഉപേക്ഷിക്കുന്ന ഒരു സ്ഥിതി താമസിയാതെതന്നെ ഉളവാകും. സമരസമിതിയില്‍നിന്ന് പിരിഞ്ഞിട്ടില്ലാത്ത ഞങ്ങള്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമുയര്‍ത്തുന്ന അപകടഭീഷണി പരിഹരിക്കാന്‍ അതിനുശേഷമേ സാധ്യമാവൂ.  എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം അത്രയും കാലം പൊട്ടിത്തകരാതെ കാത്തുനില്ക്കുമോ എന്ന കാര്യം നമുക്കുറപ്പില്ല. അഞ്ചുവര്‍ഷം മുമ്പുതന്നെ മറ്റൊരു ഡാം എന്ന നിര്‍ദേശം മാത്രമല്ല സമരസമിതിയുടെ മുമ്പിലുള്ളത് എന്ന് അമൃതാ ടി. വിയുമായി നടത്തിയിരുന്ന ഒരഭിമുഖത്തില്‍ ഞാന്‍ പ്രസ്താവിച്ചിരുന്നു. അതിന്റെയും തമിഴ് കര്‍ഷകസമിതിയുമായി ഗൂഢാലോചന നടത്തി, കൈക്കൂലി വാങ്ങി ഞാന്‍ നിലപാടു മാറ്റുകയായിരുന്നു എന്ന ആരോപണത്തിന്റെ പഴുതുകളടയ്ക്കുന്ന മറ്റൊരഭിമുഖത്തിന്റെയും വീഡിയോ തെളിവുകള്‍ ഞാന്‍ അവതരിപ്പിക്കാന്‍ തയ്യാറാണ്.'' ഡോ. റോയി പറഞ്ഞു നിറുത്തി.

(ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി റോയി പറഞ്ഞ കാര്യങ്ങളും മുകളില്‍ ചേര്‍ത്തിട്ടുണ്ട്.)

ഇപ്പോള്‍ കിട്ടിയത് :
..........സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതി മുന്‍പാകെ പുതിയ ശിപാര്‍ശവയ്ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടു സി ആര്‍ നീലകണ്ഠനും മറ്റും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേരാന്‍ ഹര്‍ജിക്കാര്‍ക്ക് ശ്രമിക്കാമെന്നു കോടതി വ്യക്തമാക്കി.......  (മലയാള മനോരമ)  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ