2012, ഒക്‌ടോബർ 20, ശനിയാഴ്‌ച

കട്ടക്കയം കവിസദസ്സ്

ജോസാന്റണി
അബ്രാഹം മൂഴൂര്‍
ജോണി ജെ. പ്ലാത്തോട്ടം
ചാക്കോ. സി. പൊരിയത്ത്
അഗസ്റ്റിന്‍ ഇടമറ്റം

ഒക്ടോബര്‍ 21-ന് കട്ടക്കയം കവിസദസ്സില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത കവിതകള്‍

വിശ്വാസം...വിശ്വാസമാണല്ലൊ എല്ലാം

ജോസാന്റണി


വിശ്വാസമാണല്ലൊ എല്ലാം - പരസ്യമാ,-
ണാശ്വാസമേകാം പരസ്യവു,മെങ്കിലും
വിശ്വാസമെന്തെന്തിലെന്നു ചോദിക്കുവോന്‍,
ആശ്വാസമെങ്ങെന്നു തേടുമന്വേഷകന്‍!

വിശ്വസിക്കൂ ദൈവതാതനിലെന്നുള്ളൊ-
രാശ്വാസദായകമാം വചനം മൊഴി-
ഞ്ഞീശോ മരിച്ചു; ഞാനെങ്ങനെ ക്രൂശിത-
നീശോയില്‍ വിശ്വസിച്ചീടുമെന്നാണവന്‍, 
സംശയാത്മാവു ചോദിപ്പൂ, വിനാശമാം
സംശയാത്മാവിനെന്നോതിടുന്നൂ ഗുരു!

ഒരു വിത്തിലുള്ള വൃക്ഷംപോലെ പൂര്‍ണമായ്
ഉരുവെടുക്കുന്ന വിശ്വാസമുണ്ടെങ്കിലാം
മലയെ മാറ്റീടുവാന്‍ പോലുമായീടുക!
അലയിലുലയും തോണിയില്‍ക്കിടക്കുമ്പൊഴും
അവനു ഭയമില്ലായിരുന്നു, വിശ്വാസമോ-
ടവനന്നു കടലിനെ ശാസിച്ചതോര്‍ക്കുക!

അവനരുളി നിങ്ങളും ദൈവപുത്രര്‍, രക്ഷ
ദൈവഹിതമറിയുവോര്‍ക്കാണു, പേടിച്ചിടാ-
തറിയുകയതെന്താകിലും, വിശ്വസിച്ചിടില്‍
അറിവരുളിടും രക്ഷ, അറിവുറവ നിന്നിലും! 

പ്രവാസിയുടെ ആത്മഗതം


അബ്രാഹം മൂഴൂര്‍


തെളിനീ, രരുവിയി, ലോണ നിലാവിന്‍‌
കുളിരും ചേര്‍,ന്നൊരു കുളിയുടെ സുഖമേ,
ഇനി,നാ, മെവിടെക്കാണും; ക്യൂവില്‍‌- 
കുപ്പിയു,മായ്, നില്‍പ്പാ, ണിവനിപ്പോള്‍‌!

എല്ലാം വെടി; ഞ്ഞേതോ പ്രാചീന ഭാഗ്യവാന്‍‌
ചൊല്ലിയ സ്വര്‍ഗീയ ഭാവി തേടി, 
വന്നു വീണതീ, യഗ്നിപ്പടര്‍പ്പിലെ  
വാഴ്വിന്‍‌ കുഴിയിലാ, ണാരോടു ചൊല്ലുവാന്‍‌!

അഞ്ചു നേരവും കിനാവു കാണുന്ന-
തിറ്റു കുളിര്‍ജ്ജല സാന്ത്വന സ്പര്‍ശനം
അക്കുളിര്‍  മുദ്രയി,ലേഴേഴു മോക്ഷവും
ഭദ്രമാണെന്‍ പാവം സ്മരണയില്‍‌!


ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല


ജോണി ജെ. പ്ലാത്തോട്ടം

പ്രണയം ദൈവത്തിന്റെ അജണ്ടയില്‍ പെട്ടിരുന്നില്ല
ഫലം തരാത്തതും നിരുപാധികവുമായ വ്യാപാരങ്ങളില്‍
അവിടുന്നു വിശ്വസിക്കുന്നില്ല
- കാറല്‍ മാക്‌സും ദൈവത്തിന്റെ പക്ഷക്കാരനായിരുന്നു;

ആദിയില്‍ 
സ്‌ത്രീയും പുരുഷനുമായി
അവിടുന്നു വര്‍ഗ്ഗശത്രുക്കളെ സൃഷ്‌ടിച്ചു
ശത്രുക്കള്‍ പരസ്‌പരം ശമിപ്പിക്കുന്ന
അടരു തന്ത്രങ്ങളായിരുന്നു ദൈവത്തിനു കാമം

(ഇണയെയും ഇരകളെയും കൊന്നുപിടിച്ചിരുന്നു
ഭൂമിയില്‍ പാപം ഏര്‍പ്പെടുത്തിയിരുന്നുമില്ല)

എന്നാല്‍ 
ദൈവപദ്ധതികളെ അപനിര്‍മ്മിച്ച്‌
മനുഷ്യന്‍ പ്രണയിച്ചുതുടങ്ങി

അവന്റെ കണ്ടെത്തലുകളില്‍
അവിടുന്ന്‌ അസഹിഷ്‌ണുവായി
ഭൂമിയില്‍ ഭ്രാന്തുണ്ടാകട്ടെ എന്നു ദൈവം കല്‌പിച്ചു
അവിടുന്ന്‌ ഭാഷകളെ കലക്കിക്കളയുകയും ചെയ്‌തു.

മനുഷ്യനാകട്ടെ
സ്വവര്‍ഗ്ഗസ്‌നേഹിയും പിഗ്മാലിയനുമായി

അപ്പോഴവിടുന്ന്‌
തീയും ഗന്ധകവും പുറത്തെടുത്തു

ഗോത്രവും ക്ഷേത്രവും ഭേദിച്ച്‌
ലിംഗവും ശരീരവും വിട്ട്‌
മനുഷ്യന്‍ പ്ലറ്റോണിക്‌ പ്രണയത്തിന്റെ
ഭാവുകത്വം മെനഞ്ഞു

യുദ്ധത്തിന്റെ പ്രത്യയശാസ്‌ത്രവും
ആയുധത്തിന്റെ അനന്തസാധ്യതയും
ദൈവമവനു വെളിപ്പെടുത്തി
രണഭൂമിയില്‍ ദൈവസാരഥ്യമുണ്ടായി
ആളും അര്‍ത്ഥവും ഔദാര്യവും കൊടുത്തു

എന്നാല്‍ 
രക്തം രക്തത്തെ തിരിച്ചറിഞ്ഞു
രണധീരന്മാര്‍ തേര്‍ത്തട്ടില്‍ തളര്‍ന്നിരുന്നു
ആയുധങ്ങള്‍ കൈവഴുതി
കമിതാക്കള്‍ കളംവിട്ടുപോയി
ധര്‍മ്മോപദേശങ്ങള്‍ തിരുത്തി
ദൈവം പുതിയ എഡിഷനിറക്കി
കല്‌പനകളുടെ പത്മവ്യൂഹം ചമച്ചു
മസ്‌തിഷ്‌കയുദ്ധം പ്രഖ്യാപനം ചെയ്‌തു
ഭൂമിയില്‍ നിലപാടുതറകള്‍ തീര്‍ത്തു
ചാവേറുകളുടെ തസ്‌തിക സൃഷ്‌ടിച്ചു
വീരസ്വര്‍ഗ്ഗം വിളമ്പരം ചെയ്‌തു

അവിടുന്നു യുദ്ധം ജയിച്ചു
മനുഷ്യന്‍ കീഴ്‌വഴങ്ങി
ഹൃദയംപറിച്ചു കപ്പം കൊടുത്തു
ആയുധംകൊണ്ടു ദൈവം കൈയൊപ്പുവച്ചു
അമ്പുകോര്‍ത്ത ഹൃദയം
പ്രണയത്തിന്റെ എംബ്ലമായി
* * * *
(കലാകൗമുദി ഒക്ടോബര്‍ 14, ലക്കം 1936)
ഫോണ്‍  9446203858
johnyplathottam@gmail.com

ഇയ്യോബ്


ചാക്കോ. സി. പൊരിയത്ത്


''ഇയ്യോ!'' എന്നു കരഞ്ഞു വിളിച്ചി-
ട്ടുണ്ടാമൊരു നിമിഷം നീ, യതിനാല്‍
ഇയ്യോബെന്നു വിളിച്ചൂ ലോകം
നിന്നെ,യെന്നനുമാനിക്കുന്നേന്‍...!

ഒരു നിമിഷാര്‍ദ്ധം, നിന്റെ വിയര്‍പ്പിന്‍
മണിസൗധങ്ങള്‍ നിലംപരിശായെ,-
ന്നരുമകളായ കിനാവുകളഖിലവു-
മടികാണാത്ത കയങ്ങളിലായെ-
ന്നറിയെ,ക്കേവലമായ നരത്വം
മായാവലയിത വിഭ്രാന്തികളാല്‍,
മോഹാന്ധതയാല്‍, നിന്റെ കരള്‍ക്കൂ-
ടാകെയുലച്ചൊരു തേങ്ങലില്‍ നിന്നെ-
ത്തേടിയലഞ്ഞുതിരഞ്ഞിട്ടുണ്ടാം....!

എത്രവിചിത്രം! കൊടുമുടികേറാ-
നെത്രപഥങ്ങള്‍ പരിക്ഷീണം നിന്‍
കഴലിണയാലെയളന്നൂനീ,യെ-
ന്നാകിലുമൊടുവിലിതെന്തൊരു പാതക-
മെന്തുകൊടുംചതി! നിന്‍ പതനത്തിനു
വാരിക്കുഴികള്‍ തീര്‍ത്തവനാരാ-
ണാര്‍ നിന്നഭ്യുദയം സഹിയാത്തോര്‍...?

നിന്റെ യഹോവാ...! മരുഭൂമികളില്‍
മന്നായായ് നിന്‍ക്ഷുത്തിനു ശമനം
തന്നവ,നാകുലമാം നിമിഷങ്ങളി
ലാശാകിരണം നീട്ടി നയിച്ചവ-
നവനോ,തന്റെ പരീക്ഷണശാലയി-
ലവനോ നിന്നെക്കരുവാക്കുന്നോന്‍...?
എന്നാ,ലെല്ലാം പടുകുഴിപൂകിയൊ-
രന്നിമിഷങ്ങളിലൊന്നു പകച്ചെ-
ന്നാലും, വ്രണിതം ദേഹം, ദേഹിക-
ളെങ്കിലു, മെങ്കിലു,മിയ്യോബേ, നിന്‍
സംയമചിത്തം പരിണതമാകും
പ്രജ്ഞയിലല്ലോ ചാലിക്കുന്നൂ...

നിന്നധരങ്ങള്‍ മൊഴിഞ്ഞീടുന്നൂ
നീരവമിങ്ങനെ: ''എന്റെ യഹോവാ
എല്ലാം തന്നവന്‍, എന്നില്‍ നിന്നവ-
യെല്ലാം തിരികെയെടുത്തവ,നെങ്കിലു-
മവനുടെ നാമം കീര്‍ത്തിതമാകണ-
മവനീസ്വര്‍ഗങ്ങളിലനവരതം...''

നിന്റെ യഹോവാ...! മരുഭൂമികളില്‍
മന്നായായ് നിന്‍ക്ഷുത്തിനു ശമനം
തന്നവ,നാകുലമാം നിമിഷങ്ങളി
ലാശാകിരണം നീട്ടി നയിച്ചവ-
നവനോ,തന്റെ പരീക്ഷണശാലയി-
ലവനോ നിന്നെക്കരുവാക്കുന്നോന്‍...?
എന്നാ,ലെല്ലാം പടുകുഴിപൂകിയൊ-
രന്നിമിഷങ്ങളിലൊന്നു പകച്ചെ-
ന്നാലും, വ്രണിതം ദേഹം, ദേഹിക-
ളെങ്കിലു, മെങ്കിലു,മിയ്യോബേ, നിന്‍
സംയമചിത്തം പരിണതമാകും
പ്രജ്ഞയിലല്ലോ ചാലിക്കുന്നൂ...

നിന്നധരങ്ങള്‍ മൊഴിഞ്ഞീടുന്നൂ
നീരവമിങ്ങനെ: ''എന്റെ യഹോവാ
എല്ലാം തന്നവന്‍, എന്നില്‍ നിന്നവ-
യെല്ലാം തിരികെയെടുത്തവ,നെങ്കിലു-
മവനുടെ നാമം കീര്‍ത്തിതമാകണ-
മവനീസ്വര്‍ഗങ്ങളിലനവരതം...''

''ചെറ്റിടവേളയെനിക്കുതരൂ, ഞാന്‍
കാട്ടാം വിരുതെ''ന്നൂറ്റംകൊണ്ടൊരു
സാത്താന്‍ തോറ്റു തിരിഞ്ഞു നടക്കെ,
യഹോവേ, നിന്നുടെ തിരുവധരങ്ങളി-
ലൂറിയൊരലിവി,ന്നഭിമാനത്തിന്‍
നേരിയ പുഞ്ചിരി കാണുവതിന്നായ്
സ്വര്‍ഗസ്ഥിതരാമൊന്‍പതുവൃന്ദം
മാലാഖാമാര്‍ക്കായില്ലെന്നാം...

അടിപതറാത്തവനിയ്യോബെന്നോ-
രറിവിനു നൂറുമടങ്ങു യഹോവാ
അരുളുകയായി വരങ്ങ,ളനുഗ്രഹ-
പൂരം; യവനിക താഴുന്നിവിടെ...

ഫലശ്രുതി:

ഒളിമങ്ങാത്തൊരു വിശ്വാസത്തിനു
നൂറുമടങ്ങായ് പ്രതിഫലമുണ്ടെ-
ന്നോതുമിയ്യോബിന്‍ കഥപാടുന്നൊരു
പാവം പാണനുമവനെക്കേള്‍ക്കും
ആരോ ചിലരും ഭാഗ്യം ചെയ്തവ-
രാവാം; കഥയതുമാരറിയുന്നൂ...!

*അടിപതറാത്ത ആസ്തിക്യ ബോധത്തിന്റെ, ദൈവാശ്രയബോധത്തിന്റെ അനശ്വര പ്രതീകമാണ് ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബ്. 


കണ്ടാലറിയുമോ?

അഗസ്റ്റിന്‍ ഇടമറ്റം


ഈശോയ്ക്കു രണ്ടണയേകുവാന്‍ കുഞ്ഞി നീ
ങ്ങാശയായ് പള്ളിയില്‍ പോകുമ്പോഴൊക്കെയും
ചോദിച്ചു ചോദിച്ചു കിട്ടായ്ക കൊണ്ടു പൊ-
ന്നോമനഛനോടേവമോതിടിനാള്‍
കണ്ടു നില്ക്കുന്നവരൊക്കെയും പള്ളിയില്‍
കൊണ്ടു വരുന്നൊരാക്കൊച്ചു കൈപ്പെട്ടിയില്‍
രണ്ടു കാശെങ്കിലും കൈ നീട്ടിയിട്ടിടാ-
റുണ്ടു ഞാന്‍ മാത്രമനങ്ങാതെ നിന്നിടും
ഇന്നെനിക്കേകണം രണ്ടണയഛനി-
ങ്ങെന്നോടു സ്‌നേഹമുണ്ടെങ്കിലതിപ്പൊഴേ
ഒന്നാമതായിട്ടു തന്നെ നല്കുന്നിത-
പ്പൊന്നുണ്ണിയീശോയ്ക്കു കാഴ്ചയായിന്നു ഞാന്‍
ഉണ്ണിയിശോയെ നീ കണ്ടാലറിയുമോ
തിണ്ണ മണത്തു കരത്തില്‍ നല്കീടുമോ
എങ്കില്‍ ഞാനേകിടാം കാശെന്നു താതനും
എങ്കില്‍ മതിയെന്നരുമക്കുമാരിയും
ഉണ്ണിയിശോയുടെ രൂപവും ഭാവവും
കണ്ണുമഞ്ചിച്ചിടുമാഭരണങ്ങളും
എണ്ണിയെണ്ണിപ്പറഞ്ഞോമലാള്‍ പോംവഴി
യെണ്ണിക്കൊടുത്തിതു രണ്ടണ താതനും
കത്തുന്ന തീവെയിലത്തു നടന്നവ-
രെത്തിയൊരുവിധം പള്ളിമുറ്റത്തിലായ്
കുട്ടി,യിരിപ്പൊരു മൂപ്പന്‍ കിതച്ചേങ്ങി
യിത്തിരി വറ്റു കഴിച്ചിട്ടു നാള്‍കളായ്
കാശിങ്ങെടുക്കു പൊന്നോമനേയിന്നു നാ-
മീശോയ്ക്കു നല്കുന്നതിപ്പോഴിവിടെയാം.
വാശിയോടെ പറഞ്ഞോമലാള്‍: പള്ളിയി-
ലീശോയിരിക്കുന്നതിങ്ങനല്ലോര്‍പ്പു ഞാന്‍!